ഓട്ടിസവും സ്‌പെക്‌ട്രം തകരാറുള്ളവര്‍ക്ക് ആയുഷ്‌കാലം സമഗ്രസേവനം ലഭ്യമാക്കുന്ന പദ്ധതി വികസിപ്പിച്ചെടുക്കുന്നതിലാണ് ഈ വകുപ്പ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മേഖലയില്‍ ഫലപ്രദമായ ക്ലിനിക്കല്‍ സേവനങ്ങളും ഗവേഷണ പദ്ധതികളും മനുഷ്യവിഭവശേഷി വികാസവും പദ്ധതിലക്ഷ്യമിടുന്നു. ഇന്ന് ഇന്ത്യയില്‍ അസംഘടിതവും പരിമിതവുമായ തോതിലേ ഈ സേവനങ്ങള്‍ ലഭ്യമാകുന്നുള്ളൂ. വിവിധ തലങ്ങളിലായി അതിനൂതനമായ പരിശോധനകളും ചികിത്സാപദ്ധതികളും ഈ വകുപ്പു വാഗ്‌ദാനം ചെയ്യുന്നു. ASRD-യുടെ സേവനങ്ങള്‍ മുഖ്യമായും മൂന്നു ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്.
1. ഓട്ടിസം ഇന്റര്‍വെന്‍ഷന്‍- പ്രാരംഭഘട്ടം
അഞ്ചുവയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് പരമാവധി പ്രയോജനം ലഭിക്കത്തക്കവണ്ണം സമഗ്രമായ സേവനം ലഭ്യമാക്കുന്നതാണ് പ്രാരംഭഘട്ടം. രക്ഷകര്‍ത്താക്കളുടെയോ കെയര്‍ടേക്കര്‍മാരുടെയോ സാന്നിദ്ധ്യം ഈ ഘട്ടത്തില്‍ അത്യന്താപേക്ഷിതമാണ്. സാമൂഹികബന്ധം, ആശയവിനിമയം, സെന്‍സറി സ്‌കില്‍സ്, ധാരണാശക്തി തുടങ്ങിയകാര്യങ്ങളില്‍ വ്യക്ത്യധിഷ്‌ഠിതമായ വിലയിരുത്തല്‍ നടത്തുന്നത് ഈ ഘട്ടത്തിലാകുന്നു. സാമൂഹിക ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനായി ഗ്രൂപ്പടിസ്ഥാനത്തില്‍ പരിശീലനം നടത്തുകയും ഓരോരുത്തരുടെയും പുരോഗതി പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇത്തരം കുട്ടികളെ മറ്റുള്ളവര്‍ക്കൊപ്പം മുഖ്യധാരാ വിദ്യാഭ്യാസം നടത്താന്‍ പ്രാപ്‌തരാക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
2. ഓട്ടിസം- ഇന്റര്‍വെന്‍ഷന്‍-മദ്ധ്യഘട്ടം
സാമൂഹികബന്ധങ്ങള്‍, ശാരീരികപ്രവര്‍ത്തനങ്ങള്‍, ധാരാണാശക്തി, ആശയവിനിമയത്തിനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നത് ഈ ഘട്ടത്തിലാണ്. മുഖ്യധാരാവിദ്യാഭ്യാസം നടത്തുന്ന അഞ്ചു വയസ്സിനുമേല്‍ പ്രായമുള്ള കുട്ടികളെയാണ് ഇതില്‍ പ്രവേശിപ്പിക്കുന്നത്. ലളിതമായ കാര്യങ്ങളില്‍ തുടങ്ങിപടിപടിയായി കൂടുതല്‍ ഗൗരവമായ വിഷയങ്ങളില്‍ പ്രാവീണ്യം നേടാന്‍ ഇതുമൂലം അവര്‍ക്കു കഴിയുന്നു.
3. ഓള്‍ട്ടര്‍നേറ്റീവ് ഓഗ്‌മെന്ററ്റീവ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാം. (AAC)
വാക്കുകളിലൂടെ ആശയവിനിമയം നടത്താനുള്ള കഴിവു സമ്പാദിക്കാത്തവരെയാണ് AAC പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ചിത്രങ്ങളുടെ സഹായത്തോടെ ആശയം കൈമാറുന്ന തന്ത്രം ഇതിന്റെ സവിശേഷതയാണ്. ലളിതമായ സാങ്കേതികവിദ്യയും ഉയര്‍ന്ന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയ ഉപകരണങ്ങള്‍ AACപദ്ധതിയില്‍ ഉപയോഗിക്കുന്നു.