ശ്രവണ സംസാര പരിമിതർക്കായി നിഷ് ആരംഭിച്ച 24 x 7 ഹെല്പ് ലൈൻ ടീമിലെ ഏറെ വിലപ്പെട്ട വ്യക്തികളിൽ ഒരാളാണ് താനെന്നു ശ്രീമതി ലാവണ്യ തെളിയിച്ചു. ആംഗ്യ ഭാഷാ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണങ്ങൾക്കു മറുപടി പറയുകയും, ആവശ്യമായ വിവരങ്ങൾ ശ്രവണ സംസാര പരിമിതർക്കു ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ലാവണ്യയുടെ ഉത്തരവാദിത്വം. എന്നാൽ പലപ്പോഴും തന്റെ ഉത്തരവാദിത്വങ്ങൾക്കപ്പുറത്തേക്കു ലാവണ്യ സേവനത്തിന്റെ കരങ്ങൾ നീട്ടി. ആവശ്യക്കാരെ സഹായിക്കാൻ പ്രൈമറി ഹെൽത്ത് സെന്റർ, പഞ്ചായത്ത് ഓഫീസുകൾ, ജില്ലാ കളക്ടരുടെ ഓഫീസ് , ദിശ എന്നിവിടങ്ങളുമായി ബന്ധപ്പെടുക മാത്രമല്ല , വേണ്ട സഹായങ്ങൾ ലഭ്യമാക്കി എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. സമീപകാലത്ത് ഒഡിഷയിൽ നിന്നും തിരുവനന്തപുരത്തെത്തിയ ഒരു ശ്രവണ പരിമിതന്റെ കുടുംബത്തെ സഹായിക്കാൻ സബ് കളക്ടറുടെ ഓഫീസുമുതൽ വാർഡ് കൌൺസിൽ വരെ തനിക്കുള്ള ബന്ധം ലാവണ്യ പ്രയോജനപ്പെടുത്തി. മറ്റുള്ളവരെ സഹായിക്കാനുള്ള ലാവണ്യയുടെ മനസ്സും, നിരന്തര പരിശ്രമങ്ങളും ആണ് ഇതെല്ലം സാധ്യമാക്കിയത്. ലാവണ്യാ , ആ അർപ്പണബോധത്തിന് മുന്നിൽ നിഷ് നമിക്കുന്നു.
ഏത് ശുഭാപ്തിവിശ്വാസിയും പതറിപ്പോകാനിടയുള്ള ഈ കോവിഡ് മഹാമാരിക്കിടയിൽ നിഷ്-ലെ ഓരോ അംഗത്തിന്‍റെയും ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കാൻ മിനി സ്വമേധയാ മുന്നോട്ടു വന്നു. കോവിഡ് വ്യാപനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകളും, മുന്നറിയിപ്പുകളും നിഷ് അംഗങ്ങളിൽ എത്തിക്കാനും, സമ്പർക്ക വിലക്കുള്ളവരെ സമാശ്വസിപ്പിക്കാനും ജാഗരൂകയായി. മാത്രമല്ല ദിവസവും നിഷ്-ലെ ഓരോഅംഗത്തിന്റെയും ശാരീരികോഷ്മാവ് പരിശോധിക്കുകയും ഇ മെയിലുകളിലൂടെ നിരന്തരം ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്തു. നന്ദി മിനി. മാതൃകാപരമായ സേവനം എന്നതിന് ഒരു ഉദാഹരണം ആണ് താങ്കൾ.